അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിന് തൊട്ടരികെ ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ 11 റണ്‍സിന് വീഴ്ത്തിയതോടെ ഗ്രൂപ്പിൽ അഞ്ച് പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് മുന്‍ ഓസ്ട്രേലിയന്‍ താരം ജോ ബേണ്‍സ് നയിക്കുന്ന ഇറ്റലി. സ്കോട്‌ലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ സ്കോട്‌ലന്‍ഡിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെ നേടാനായുള്ളു.
ആദ്യം ബാറ്റ് ചെയ്ത ഇറ്റലിക്കായി എമിലിയോ ഗേ 21 പന്തില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയപ്പോള്‍ ഹാരി മനേറ്റി 38 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ജോര്‍ജ് മുന്‍സേ 61 പന്തില്‍ 72 റണ്‍സടിച്ചിട്ടും സ്കോട്‌ലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. യോഗ്യതാ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തിയാല്‍ ഇറ്റലിക്ക് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടാം.
ഇനി വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റാല്‍ പോലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ അവസരമുണ്ട്. മൂന്നാം സ്ഥാനത്തുള്ള സ്കോട്‌ലന്‍ഡിനും നാലാം സ്ഥാനത്തുള്ള ജേഴ്സിക്കും മുന്നിലെത്തിയാലും ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാം. അവസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിന്‍റെ എതിരാളികള്‍ ജേഴ്സിയാണ്. ഇതില്‍ ജയിക്കുന്ന ടീം നെറ്റ് റണ്‍ റേറ്റില്‍ ഇറ്റലിയെ മറികടക്കാതിരുന്നാല്‍ ചരിത്രനേട്ടവുമായി ഫുട്ബോള്‍ രാജാക്കന്‍മാരായ ഇറ്റലി ക്രിക്കറ്റ് ലോകകപ്പിനിറങ്ങും.