ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. ഒന്‍പത് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന റാങ്കിങ്ങിലേക്കാണ് ഇന്ത്യ എത്തിയത്. ആറ് സ്ഥാനം താഴേക്കിറങ്ങി 133-ാം സ്ഥാനത്താണ് ഇപ്പോള്‍ ടീം.
ജൂണ്‍ നാലിന് തായിലാന്‍ഡുമായി നടന്ന സൗഹൃദ മത്സരത്തില്‍ 0-2 ന് തോറ്റതും ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ 0-1ന് ഹോങ്കോങ്ങിന് പരാജയപ്പെട്ടതുമാണ് റാങ്കിങ് ഇടിയാന്‍ കാരണമായത്. 2016ലാണ് അവസാനം ഇന്ത്യ താഴ്ന്ന റാങ്കിങ്ങിലേക്കെത്തിയത്. അന്ന് 135-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 1996ല്‍ നേടിയ 94-ാം റാങ്ക് ആയിരുന്നു ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിങ്. 46 ഏഷ്യന്‍ രാജ്യങ്ങളില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള റാങ്കിങ്ങില്‍ ഏഷ്യയില്‍ നിന്ന് ജപ്പാന്‍ ആണ് മുമ്പില്‍. 17-ാം റാങ്ക് ആണ് ജപ്പാനുള്ളത്.
മനോലോ മാര്‍ക്വേസ് പരിശീലകനായി എത്തിയിട്ടും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടായില്ലെന്നത് നിരാശയാണ് നല്‍കുന്നത്. മാനോലോ മാര്‍ക്വേസിന്റെ പരശീലനത്തില്‍ എട്ട് കളികളില്‍ ആകെ ഒരു കളി മാത്രമാണ് ഇന്ത്യന്‍ ടീമിന് വിജയിക്കാനായത്. മാര്‍ച്ചില്‍ മാലേദ്വീപിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 2025ല്‍ ഇന്ത്യ നാല് മാച്ചുകള്‍ കളിച്ചതില്‍ ഒരു തോല്‍വി, ഒരു സമനില, രണ്ട് പരാജയങ്ങള്‍ എന്നിവ നേരിട്ടു. ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് സുനില്‍ ഛേത്രിയെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിച്ചത്.