മമ്മൂട്ടിയുടെ ‘ടര്‍ബോ’യ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഖലീഫ’. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈശാഖിന്റെ ആദ്യ ചിത്രമായ ‘പോക്കിരി രാജ’യില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചയിതാവ്. ‘ആദം ജോണ്‍’, ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’, ‘കാപ്പ’ എന്നീ ചിത്രങ്ങളിലാണ് ജിനുവും പൃഥ്വിയും ഇതിന് മുന്‍പ് പ്രവര്‍ത്തിച്ചത്.
ജിനു എബ്രഹാം ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ചമന്‍ ചാക്കോ എഡിറ്റിംഗും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. 2024ലാണ് ചിത്രം പ്രഖ്യാപിച്ചത്.
അതേസമയം ബോളിവുഡ് ചിത്രം ‘സര്‍സമീനാണ്’ പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ജൂലൈ 25ന് ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.