യമുനാനദിയ്ക്ക് മുകളിലെ തൂക്കുപാലമായ സിഗ്നേച്ചർ ബ്രിഡ്ജ് സഞ്ചാരികൾക്ക് ആകാശ കാഴ്ച നൽകുന്ന പ്രിയപ്പെട്ട ഇടമാണ്. തെക്കൻ ഡൽഹിയേയും മധ്യ ഡൽഹിയേയും ബന്ധിപ്പിക്കുന്ന പാലത്തിനായി സർക്കാർ ചെലവഴിച്ചത് 1519 കോടിയാണ്. റീൽസ് ഷൂട്ടുകളുടെ കേന്ദ്രമായ ഈ പാലം പക്ഷേ ഇപ്പോൾ പിക്നിക് സ്പോട്ട് മാത്രമല്ല, തിരക്കുള്ള സൂയിസൈഡ് സ്പോട്ട് കൂടിയാണ്.
കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനി സ്നേഹ ദേബ്നാഥിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. ചാടിയത് സിഗ്നേച്ചർ പാലത്തിൽ നിന്ന്. കരാവൽ നഗർ, ശിവ് വിഹാറിലെ ആകാശ് ജീവനൊടുക്കിയതടക്കം സമാന സംഭവങ്ങൾ മുൻ മാസങ്ങളിലുമുണ്ടായി. രാത്രിയിൽ, സ്ത്രീ സുരക്ഷ ഒട്ടുമില്ലാത്ത നഗരമായ ഡൽഹിയിലെ ഈ പാലത്തിൽ പെൺകുട്ടികളടക്കം ധാരാളം പേരെത്തുന്നുമുണ്ട്.
പക്ഷേ 1519 കോടി ചെലവിട്ട് നിർമിച്ച പാലത്തിൽ ഒരൊറ്റ സിസിടിവി ക്യാമറ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വിചിത്രമായ കാര്യം. ത്രിപുര സ്വദേശി സ്നേഹ ദേബ്നാഥ് ജീവനൊടുക്കിയ കേസിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് 15 ലധികം ക്യാമറകളുള്ള ഇവിടെ ഒന്നു പോലും മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് അന്വേഷണസംഘം മനസ്സിലാക്കിയത്. ഡൽഹിയുടെ സിഗ്നേച്ചറായി മാറിയ ഈ മനോഹര പാലത്തിൽ റീൽസ് ഷൂട്ടിനിടെയുള്ള അപകടങ്ങളും ധാരാളം. പക്ഷേ ക്യാമറ കണ്ണടച്ചിട്ട് നാളുകളായി.
14 വർഷം ഇഴഞ്ഞുനീങ്ങിയ പാലം പണി പൂർത്തീകരിച്ച് തുറന്നുകൊടുത്തത് അഞ്ച് വർഷം മുൻപാണ്. സുരക്ഷാ ക്യാമറ സ്ഥാപിക്കാൻ മാത്രം ചെലവാക്കിയത് 60 കോടിയാണ്. 675 മീറ്റർ നീളവും 36 മീറ്റർ വീതിയുമുള്ള തൂക്കുപാലത്തിൽ ആകാശ കാഴ്ച്ചയ്ക്കായി 154 മീറ്റർ ഉയരമുള്ള ഗ്ലാസ് ബോക്സുമുണ്ട്. തെക്കൻ ഡെൽഹിയേയും മധ്യ ഡൽഹിയിലെ വസീരാബാദിനേയും ബന്ധിപ്പിക്കുന്ന പാലത്തിൽ സുരക്ഷാവേലികളുമില്ലാത്തതിനാൽ ചാടാൻ എളുപ്പമാണ്.
ക്യാമറ ശരിയാക്കുന്ന കാര്യത്തിൽ ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനാണ് മെയിന്റനൻസ് ചുമതല എന്ന് പിഡബ്യുഡി വകുപ്പ് പറയുന്നു. പാലം നവീകരണ ചുമതല പൊതുമരാമത്ത് വകുപ്പിനെന്ന് ടൂറിസം വകുപ്പും. ഏതായാലും ഡൽഹിയിലെ ഏറ്റവും വലിയ പിക്നിക് സ്പോട്ടിൽ സിസിടിവി ദൃശ്യത്തിനേ കുറവുള്ളൂ, സൂയിസൈഡിന് ഒരു കുറവുമില്ല.