വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള തിയ്യറ്ററുകളിലെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണത്തിന് സിനിമ കാരണമാകട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
“സിനിമ വലിയൊരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആ വിഷയത്തെ ഇങ്ങനെ ചില വിവാദങ്ങള്‍ ഉയര്‍ത്തി ഇല്ലാതാക്കാന്‍ പാടില്ല. കാരണം ഇത് പെണ്‍കുട്ടികളുടെ എല്ലാം ഒരു സുരക്ഷയെ കുറിച്ചാണ്. ദേശീയ സ്ത്രീ ശാക്തീകരണം നയത്തിലേക്ക് പുതിയൊരു ഏടു കൂടി എഴുതിചേര്‍ക്കാന്‍ വലിയൊരു പോയന്റര്‍ ആയിരിക്കും ഈ സിനിമ. അതിനുള്ള ഒരു സൂചന ഈ സിനിമയിലുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അത് എല്ലാവരെയും ചിന്തിപ്പിക്കുകയും ആ ആവശ്യത്തിനായി എല്ലാവരുടെയും ശബ്ദം ഉയരട്ടെ. ജാനകി വിദ്യാധരന്റെ ശബ്ദം ഇന്നത്തെ നമ്മുടെ അന്തരീക്ഷത്തില്‍ വലിയ ശബ്ദമായി മാറട്ടെ. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും”, എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.
റിലീസിന് മുമ്പേ പേരിനെ ചൊല്ലി വിവാദം ഉയര്‍ത്തിയ ജെഎസ്‌കെ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി , മകന്‍ ഗോകുല്‍ സുരേഷ് അടക്കമുള്ളവര്‍ തൃശൂര്‍ രാഗം തിയേറ്ററിലാണ് സിനിമ കാണാനെത്തിയത്.
വളരെ ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന കോര്‍ട്ട് റൂം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. അനുപമ പരമേശ്വരനാണ് ജാനകിയായി എത്തുന്നത്.