ഹൂതി ആക്രമണത്തിന് പിന്നാലെ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ മലയാളി ജീവനക്കാരനുമുണ്ടെന്ന് വിവരം. കായംകുളം പത്തിയൂർ സ്വദേശി അനിൽകുമാറിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചു. ഈ മാസം ഏഴാം തീയതി വൈകിട്ടാണ് എറ്റേണിറ്റി സി എന്ന ഗ്രീക്ക് എന്ന ചരക്ക് കപ്പലിന് നേരെ യമനിലെ തുറമുഖത്തിന് സമീപം ആക്രമണം ഉണ്ടായത്.
പത്ത് ദിവസം മുൻപുണ്ടായ അപകടത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കാൻ വൈകിയെന്നാണ് ഭാര്യ ശ്രീജയുടെ ആരോപണം. 21 പേരായിരുന്നു ഇറ്റലിറ്റി സി ചരക്കുകപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഇന്ത്യക്കരായി അനിൽകുമാറും തിരുവനന്തപുരം പാറശ്ശാല സ്വദേശി അഗസ്ത്യനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഗസ്ത്യൻ ഉൾപ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. അപകടത്തിന് ശേഷം അനിൽകുമാറിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ലൈബീരിയന്‍ പതാക വഹിച്ചുകൊണ്ട് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലായിരുന്നു എറ്റേണിറ്റി സി. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കപ്പലിലുണ്ടായിരുന്ന 12 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഹൂതികളുടെ ആക്രമണം. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമിച്ചതെന്നും യഹിയ സാരി പറയുന്നു.