കേരള സർവകലാശാലയിൽ അധികാരപ്പോര് കടുക്കുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യം വി.സി മോഹനൻ കുന്നുമ്മൽ അവഗണിച്ചു. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ ഓഗസ്റ്റ് 14ന് അക്കാദമിക് യോഗം വിളിച്ചു.
ഓൺലൈൻ യോഗത്തിൽ നിന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ ഒഴിവാക്കിയ വി.സിയുടെ നടപടിയിൽ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അതൃപ്തി തുടരുകയാണ്. മിനി കാപ്പനെതിരെ വീണ്ടും സിൻഡിക്കേറ്റ് രംഗത്തെത്തി. മിനി കാപ്പൻ്റെ അറിയിപ്പ് ഔദ്യോഗികമല്ലെന്നും വി.സിയുടെ ഫയലിന്മേൽ തീരുമാനമെടുത്തിട്ടില്ലെന്നും സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ പ്രതികരിച്ചു. നിയമവിരുദ്ധ നടപടിക്കെതിരെ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നടപടി സ്വീകരിക്കുമെന്നാണ് സിൻഡിക്കേറ്റ് കരുതുന്നത്. ചട്ടപ്രകാരം സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തേ മതിയാകൂ. വ്യാജ രേഖ ചമയ്ക്കലാണിത്. 26ന് സിൻഡിക്കേറ്റ് വിളിച്ച് ചേർക്കണം. മിനി കാപ്പൻ വിളിക്കുന്ന യോഗത്തിന് നിയമ സാധുതയില്ല. ഉത്തരവ് ഇറക്കിയവർ തന്നെ തിരുത്തണമെന്നും മുരളീധരൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വിവാദങ്ങൾക്കിടെ രജിസ്ട്രാർ അനിൽകുമാറിനെ ഒഴിവാക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ യോഗം വിളിച്ചിരുന്നു. വി.സി വിളിച്ചുചേർത്ത സർവകലാശാലയുടെ സെൻ്റർ ഫോർ ഗ്ലോബൽ അക്കാദമിയുടെ യോഗം ചേർന്നത് ഓൺലൈനായിട്ടായിരുന്നു. രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് പങ്കെടുത്തത് ഡോ. മിനി കാപ്പനായിരുന്നു.
അതേസമയം, രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി.സി നിർദേശിച്ച സംഭവത്തിലും വിവാദം പുകയുകയാണ്. ഡ്രൈവറുടെ പക്കൽ നിന്നും താക്കോൽ വാങ്ങി സൂക്ഷിക്കാൻ മിനി കാപ്പൻ സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. വാഹനത്തിന്റെ താക്കോൽ താൽക്കാലിക രജിസ്ട്രാർ ഇൻ ചാർജ് ഡോ. മിനി കാപ്പന് ഏൽപ്പിക്കുവാനും വി.സി ഉത്തരവിട്ടു.
എന്നാൽ, കാർ ഉപയോഗിക്കാൻ തനിക്ക് നിയമതടസങ്ങൾ ഇല്ലെന്ന് അനിൽ കുമാർ അറിയിച്ചെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട്. തൻ്റെ സസ്പെൻഷൻ നടപടി നിയമന അധികാരിയായ സിൻഡിക്കേറ്റ് പിൻവലിച്ചതാണെന്നും കെ.എസ്. അനിൽകുമാർ പറഞ്ഞു.