തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്.
സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇതെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷമാണ് കുട്ടി അവിടേക്ക് ഇറങ്ങിയത്. എന്നാല്‍ ഷീറ്റിന് മുകള്‍ ഭാഗത്തൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തിന് കാരണം കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് എംഎല്‍എ ആരോപിക്കുകയും ചെയ്തു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.