വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചന ശ്രമത്തെ പ്രതിസന്ധിയിലാക്കി ഒരു വിഭാഗത്തിന്റെ പ്രതികരണങ്ങളും ഇടപെടലുകളും. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള അനുനയ നീക്കങ്ങളിൽ അതൃപ്തരായവരാണ് മോചന ശ്രമങ്ങൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. കൊല്ലപ്പെട്ട യെമനി പൗരൻ തലാലിൻ്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പ്രകോപന കമന്റുകളിട്ടും കുടുംബത്തിനെതിരായ ചർച്ചകൾ മൊഴി മാറ്റി അറബിയിൽ പ്രചരിപ്പിച്ചുമെല്ലാമാണ് ഇക്കൂട്ടർ പ്രതിസന്ധി ഉണ്ടാക്കുന്നത്.
ഏറെ പ്രതീക്ഷയോടെയായിരുന്നു നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത കേരളം കേട്ടത്. എന്നാൽ കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്തിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമൻ്റുകൾ പ്രതീക്ഷ കെടുത്തുകയാണ്. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം എന്നിങ്ങനെ നീളുന്നു പോസ്റ്റുകൾക്കടിയിലെ കമൻ്റ്. പലരും വ്യാജ ഐഡികളിലൂടെയാണ് പലരും കമന്റുകളിടുന്നത്.
ഇത്തരം വ്യാജ അക്കൗണ്ടുകളിൽ ഒന്നാണ് നവാസ് ജാനെ. വധശിക്ഷ ഒഴിവാക്കാൻവേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും, യമനിൽ മധ്യസ്ഥത വഹിക്കുന്ന ഹബീബ് ഉമറിനെയും അധിക്ഷേപിക്കുന്ന കമന്റുകളിൽ പലതും ഈ അക്കൗണ്ടിൽ നിന്നുമാണ്.
ജമാഅത്ത് ഇസ്ലാമി സൈബർ ഗ്രൂപ്പുകളും യുക്തിവാദി നേതാവ് ആരിഫ് ഹുസൈനും വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കാന്തപുരത്തിന്റെ ഹൂതി ബന്ധം ദുരൂഹമെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ആരിഫ് ഹുസൈൻ്റെ പക്ഷം. നിമിഷ പ്രിയയ്ക്ക് വേണ്ടി ഇടപെടുന്ന കാന്തപുരം എന്തുകൊണ്ട് ബാംഗ്ലൂരിലെ ജയിലിൽ കിടക്കുന്ന സക്കരിയക്ക് വേണ്ടി ഇടപെടുന്നില്ലെന്നാണ് ജമാഅത്ത് ഇസ്ലാമി സൈബർ ഗ്രൂപ്പുകളിലെ പൊതു ചർച്ച.
കാന്തപുരത്തിൻ്റെയും, ശൈഖ് ഹബീബ് ഉമറിൻ്റെയും ഇടപെടലുകളെ അവഹേളിക്കുന്നതിനെതിരെ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ സങ്കീർണ്ണം ആക്കുമെന്നാണ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.