തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ നടക്കുന്ന ഗ്ലോബൽ സൂപ്പർ ലീഗ് ടി20 ക്രിക്കറ്റിൽ സിക്സർ മഴ പെയ്യിച്ച് വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ. ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടി ഒരോവറിൽ അഞ്ച് സിക്സറുകളാണ് ഹെറ്റി പറത്തിയത്.
ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ടീമായ ഹൊബർട്ട് ഹറികെയ്ൻസിന് വേണ്ടി പന്തെറിഞ്ഞ സ്പിന്നർ ഫാബിയൻ അലന്റെ ഓവറിലാണ് അഞ്ച് സിക്സർ ഉൾപ്പെടെ 32 റൺസ് ഹെറ്റ്മെയർ വാരിയത്.
മത്സരത്തിൽ ടോസ് നേടിയ ഹൊബാർട്ട് ഹറികെയ്ൻസ് നായകൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിരയിലെ താരങ്ങൾക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിയാതിരുന്നതോടെ ഹറികെയ്ൻസിൻ്റെ ഇന്നിങ്സ് ചെറിയ സ്കോറിൽ ഒതുങ്ങി. 16.1 ഓവറിൽ 125 റൺസാണ് ഹറികെയ്ൻസിന് നേടാനായത്. 28 റൺസെടുത്ത ഫാബിയൻ അലനാണ് അവരുടെ ടോപ് സ്കോറർ.
മറുപടിയായി 16.3 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടത്തിൽ ഗയാന ആമസോൺ വാരിയേഴ്സ് ലക്ഷ്യത്തിലെത്തി. മത്സരത്തിൽ 10 പന്തുകൾ നേരിട്ട ഹെറ്റ്മെയർ 39 റൺസെടുത്ത് പുറത്തായി. ആറ് സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു ഹെറ്റ്‌മെയറിന്റെ ഇന്നിങ്സ്. 400ന് അടുത്തായിരുന്നു താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്.
ജയത്തോടെ ഗ്ലോബൽ സൂപ്പർ ലീഗിൻ്റെ കലാശപ്പോരിനും ഗയാന ആമസോൺ വാരിയേഴ്സ് യോഗ്യത നേടി. ബംഗ്ലാദേശിൽ നിന്നുള്ള റാങ്ക്പൂർ റൈഡേഴ്സ് ആണ് ഫൈനലിൽ ഗയാനയുടെ എതിരാളികൾ.