ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം. സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ ദേശീയ തലത്തില്‍ അന്‍പതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും കൊച്ചി കരസ്ഥമാക്കി. ഇതോടെ നഗരത്തിന്റെ മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍. 3,716 കോടി രൂപ ചെലവില്‍ 6 പ്രധാന കനാലുകളുടെ പുനരുജ്ജീവനവും ഉള്‍നാടന്‍ ഗതാഗതവും ടൂറിസവും ഉള്‍പ്പെടുത്തി കൊച്ചി കോര്‍പ്പറേഷന്‍ വികസനത്തിന്റെ പാതയിലാണ്.
കേന്ദ്ര മന്ത്രാലയത്തിന്റെ പാര്‍പ്പിട-നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷന്‍. നഗരത്തിന്റെ കനാല്‍ പുനരുജ്ജീവന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. കൊച്ചിയിലെ പ്രധാന കനാലുകളും തോടുകളും ശുദ്ധീകരിക്കപ്പെടും. ഇവയുടെ തീരങ്ങളില്‍ നടപ്പാതയും പൊതു ഇടങ്ങളും വരും. സിബിജി പ്ലാന്റ് സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും.
ശാസ്ത്രീയമായ നിരവധി പദ്ധതികള്‍ക്കാണ് കൊച്ചി കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നഗര വികസനത്തിനായി ബഹുജന പങ്കാളിത്തം ശക്തിപ്പെടുത്താനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരു ക്ലീനിംഗ് ഡ്രൈവ് നടത്താനും ആവശ്യപ്പെടുമെന്ന് മേയര്‍ അറിയിച്ചു.
കൊച്ചി വൃത്തിയായാല്‍ കൊച്ചിയുടെ ടൂറിസത്തിന്റെ മുഖം ഇനിയും മാറും. 2026ല്‍ പുതിയ വനിതാ മേയര്‍ വരുന്നതോടെ കൊച്ചി ശുചിത്വത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടുമെന്ന് മേയര്‍ പറയുന്നു. എളംകുളത്ത് കൂടുതല്‍ ശേഷിയുള്ള സ്വീവേജ് പ്ലാന്റിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കും. ചിലവന്നൂര്‍ കനാലിന്റെ തീരത്ത് വാക് വേയും ഒരുങ്ങും. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിഹരിച്ചതിനുശേഷമുള്ള കൊച്ചി നഗരത്തിന്റെ ഏറ്റവും വലിയ പദ്ധതിയാണ് കനാല്‍ പുനരുജ്ജീവന പദ്ധതി. ഗാര്‍ബേജ് ഫ്രീ സിറ്റി റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭകളില്‍ ഒന്നാണ് കൊച്ചി.