സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ സഹതടവുകാരൻ്റെ നിർണായക മൊഴി. ജയിൽ ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നുവെന്ന് സഹതടവുകാരൻ മൊഴി നൽകി. തമിഴ്നാട് സ്വദേശിയായ സഹതടവുകാരനാണ് മൊഴി നൽകിയത്. ജയിൽ ചാട്ടത്തിനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായി. തനിക്കും ജയിലിൽ ചാടാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിഞ്ഞില്ലെന്നും സഹതടവുകാരന്റെ മൊഴി. ജയില്‍ചാടാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമിയുടെ പ്രാഥമിക മൊഴി. ജയിൽ ചാടാൻ ഒന്നരമാസത്തെ പ്ലാനിങ് ഉണ്ടായിരുന്നു. ശരീരം മെലിയാൻ ഭക്ഷണം ക്രമീകരിച്ചുവെന്നും ഗോവിന്ദചാമി മൊഴി നൽകി.
ഇന്ന് പുലർച്ചെ 1.30 ഓടെയാണ് പ്രതി ജയിൽ ചാടിയത്. തുടർന്ന് അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമി പിടിയിലായത്. കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സെക്യൂരിറ്റിയായ ഉണ്ണിയാണ് ആദ്യം പ്രതിയെ കണ്ടത്. പിന്നാലെ പൊലീസ് എത്തി പിടികൂടുകയായിരുന്നു.
ജയിലിലെ അതിസുരക്ഷാ ജയിലിനകത്താണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. എന്നിട്ടും ഗോവിന്ദച്ചാമി ജയിൽ ചാടിയത് അധികതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനായത് ആശ്വാസമാണെന്നും സംഭവം കണ്ണൂർ റേഞ്ച് ഡിഐജി വിശദമായി അന്വേഷിക്കുമെന്നും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.