മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഒരു മിനിറ്റ് മൗനാചരണം. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി കൂട്ടായി ദുഃഖം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൗനം ആചരിക്കുന്നത്. കാണാതായ 32 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
ജുലൈ 30ന് പുലര്‍ച്ചെ 01:40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. രാവിലെ 04:10ന് ചുരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.