കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ. ജെയിംസ് ടോളിവർ ക്രെയ്ഗ് (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുധനാഴ്ച നടന്ന വിധി പ്രഖ്യാപനത്തിൽ ഇദ്ദേഹത്തിന് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ക്രെയ്ഗിനെതിരെ ചുമത്തിയിരുന്നത്.
രണ്ട് കുട്ടികൾ പിതാവിനെതിരെ മൊഴി നൽകിയ മൂന്നാഴ്ച നീണ്ട കൊലപാതക വിചാരണക്കൊടുവിലാണ് വിധി വന്നത്. ഭൗതിക തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും, കള്ളസാക്ഷ്യം നൽകാൻ ശ്രമിച്ചതിനും ഉൾപ്പെടെ അഞ്ച് അധിക കുറ്റങ്ങളും ക്രെയ്ഗിനെതിരെ ചുമത്തിയിട്ടുണ്ട്.
2023-ൽ, ആഞ്ചല ക്രെയ്ഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. സയനൈഡ്, ടെട്രാഹൈഡ്രോസോളിൻ എന്നിവയുടെ വിഷബാധയാണ് മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമ്പത്തിക പ്രശ്നങ്ങളും ടെക്സസിലെ ഒരു ഓർത്തോഡോണ്ടിസ്റ്റുമായുള്ള വിവാഹേതര ബന്ധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. എന്നാൽ, ആഞ്ചല വിഷാദരോഗിയായിരുന്നുവെന്നും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
2023 മാർച്ചിൽ ആഞ്ചല ക്രെയ്ഗിന് തലകറക്കം, ഛർദ്ദി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പിന്നീട് ഇത് കൂടുതൽ ഗുരുതരമാവുകയും കോമയിലാവുകയും മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.
പി പി ചെറിയാൻ