പാകിസ്താന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭാവിയില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് എണ്ണവിറ്റേക്കുന്ന കാലമുണ്ടായേക്കാമെന്നും ട്രംപ് പ്രതികരിച്ചു. ഇന്ത്യയ്ക്കുമേല്‍ 25 ശതമാനം താരിഫ് ചുമത്തിയതായുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ സുപ്രധാന പ്രഖ്യാപനം എന്നത് ശ്രദ്ധേയാണ്.
പാകിസ്താനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി അമേരിക്കയും പാകിസ്താനും തമ്മിലുണ്ടായ ഈ പുതിയ ബന്ധത്തില്‍ പങ്കുചേരാന്‍ ഏത് എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. എണ്ണപ്പാടങ്ങളുടെ വികസനം സാധ്യമാകുന്നതോടെ പാകിസ്താന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനാകുമെന്നാണ് ട്രംപ് പറയുന്നത്.
വൈറ്റ് ഹൗസില്‍ ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി വ്യാപാരസംബന്ധിയായ നിരവധി ചര്‍ച്ചകള്‍ നടന്നതായി ട്രംപ് അറിയിച്ചു. അവയില്‍ പല രാജ്യങ്ങളും അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ദിവസങ്ങള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര സംബന്ധിയായ ചില ബന്ധങ്ങളുണ്ടാകുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയത്.