മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ്. വിദഗ്‌ധസമിതിയുടെ വാദം തെറ്റാണെന്നും, ഉപകരണ ക്ഷാമം കൃത്യമായി അറിയിച്ചെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
തന്നെ കുടുക്കുന്നത് ആരാണ് എന്ന് വഴിയേ അറിയും. പരാതി കൊടുത്ത പേപ്പർ പോലും താൻ പണം കൊടുത്ത് വാങ്ങിയതാണ്. അത്രയും ഗതികേടിലാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി അല്ല ഇതിനു കാരണമെന്നും ഡോക്ടർ വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് മാർച്ച് 10 ആദ്യ കത്ത് കൊടുത്തിരുന്നു. ജൂൺ 6 നാണ് രണ്ടാമത്തെ കത്ത് കൊടുത്തെന്ന് വ്യക്തമാകുന്ന തരത്തിൽ ഹാരിസ് നൽകിയ കത്തിൻ്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.
ഡോക്ടർക്കെതിരെ വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനിരിക്കെയാണ് ഡോക്ടറുടെ പ്രതികരണം. ആരോഗ്യ വകുപ്പിൻ്റെ കുറ്റാരോപണങ്ങൾ ഡോക്ടർ ഹാരിസ് നിഷേധിച്ചിരുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. 1960ലെ സർക്കാർ ജീവനക്കാരുടെ ചട്ടം ലംഘിച്ചു. ഈ നിയമത്തിലെ 56, 62 വകുപ്പുകളിലെ ലംഘനം നടന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിധി വിട്ടു. ഉപകരണം ഇല്ലെന്ന കാരണത്താൽ ശസ്ത്രക്രിയ മുടക്കിയെന്നും തൊട്ടടുത്ത ദിവസം ഇതേ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നെന്നും നോട്ടീസിൽ പറയുന്നു.
ഉപകരണക്ഷാമം ഉണ്ടായെങ്കിൽ അത് വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസിന്‍റെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ സർക്കാരിനെ വെട്ടിലാക്കിയിരുന്നു. തെളിവുകൾ നിരത്തിയായിരുന്നു ഡോക്ടർ ഹാരിസ് പരസ്യ പ്രതികരണം നടത്തിയത്.