മണ്ണപ്പം ചുട്ട് കളിച്ച കാലത്തെ ചിരട്ടയൊന്നുമല്ലിപ്പോൾ. ആളാകെ മാറി. പുറത്തുവെച്ചാൽ കൊത്തിക്കൊണ്ടുപോകും ആളുകൾ. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രമല്ല വിലക്കൂടുതൽ, ചിരട്ടയ്ക്കും ഇപ്പോൾ പൊന്നും വിലയാണ്.
ചിരട്ട ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ പൊന്നും വിലയാണ് ഇപ്പോൾ. ചിരട്ടയെന്ന് കരുതി കത്തിച്ച് കളയാനോ വലിച്ചെറിയാനോ വരട്ടെ, നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമൊപ്പം ചിരട്ടയ്ക്കും ഇപ്പോൾ വലിയ ഡിമാൻഡ് ആണ്. ചിരട്ട പണ്ട് കിലോയ്ക്ക് പത്തു രൂപയ്ക്ക് താഴെ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കിലോക്ക് മുപ്പത് രൂപയുടെ മുകളിലാണ്. ഹോട്ടലുകളിൽ പാചകത്തിനായി ചിരട്ട ഉപയോഗിക്കുന്നതിനാൽ ചിരട്ടയുടെ ഡിമാൻഡ് വർദ്ധിച്ചു എന്ന് കച്ചവടക്കാർ പറയുന്നു.
കാർഷിക മേഖലയിൽ നാളികേര ഉൽപാദനം കുറഞ്ഞതും, ചിരട്ടയുടെ കയറ്റുമതി കൂടിയതുമാണ് വില വർധനവിന്റെ പ്രധാന കാരണം. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളായ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പല ആവശ്യങ്ങൾക്കായി വലിയതോതിൽ ചിരട്ട കയറ്റുമതി ചെയ്യുന്നുണ്ട്.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, നാളികേരം മോഷണം പോകാതിരിക്കാൻ സിസിടിവി വെക്കുന്നത് പോലെ, ചിരട്ട സംരക്ഷിക്കാനും കാവൽ വേണ്ടിവരും.