സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം റിസപ്ഷനിൽ പങ്കെടുക്കുന്നതിനായാണ് ക്ഷണം. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് ക്ഷണക്കത്ത് അയച്ചത്. ഈ സന്തോഷവാർത്ത തരുൺ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രാഷ്ട്രപതിയുടെ ക്ഷണം ഒരു ബഹുമതിയായി കാണുന്നുവെന്ന് വിവരം പങ്കുവെച്ചുകൊണ്ട് തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ ബഹുമാനപ്പെട്ട പ്രസിഡൻ്റ് ശ്രീമതി ദ്രൗപതി മുർമു ക്ഷണിച്ചത് ഒരു ബഹുമതിയായി കരുതുന്നു” തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തരുൺ മൂർത്തി സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ പ്രതികരണവുമായെത്തിയത്.
വെറും മൂന്ന് സിനിമകൾ കൊണ്ടാണ് മലയാളസിനിമയുടെ മുൻനിരയിൽ തരുൺ മൂർത്തി സ്ഥാനമുറപ്പിച്ചത്. റെക്കോർഡ് കളക്ഷനായിരുന്നു തരൂൺ മൂർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ മോഹൻലാൽ നായകനായെത്തിയ ചിത്രം തുടരും സ്വന്തമാക്കിയത്.