റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ യുക്രെയ്നെതിരായ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് ആരോപിച്ച് യുഎസ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.
ഫോക്സ് ന്യൂസിൻ്റെ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സിന്” നൽകിയ അഭിമുഖത്തിൽ വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറാണ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും മികച്ച ബന്ധം പുലർത്താൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, യുഎസിൻ്റെ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യൻ സർക്കാർ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ശുദ്ധീകരണ കമ്പനികൾക്ക് ഇഷ്ടപ്പെട്ട സ്രോതസ്സുകളിൽ നിന്ന് വാങ്ങാൻ അനുവാദമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.