തിരുവനന്തപുരം,കരിക്കകത്ത് ഒരു വീടുണ്ട് . വീട്ടുപേര് ‘പവർ’. വീട്ടുപേര് മാത്രമല്ല വീട്ടിലുള്ളവരും പവറാണ്. എന്താണാ പവർ എന്നല്ലേ? ദേശീയ അന്തർദേശീയ പവർ ലിഫ്റ്റിങ് താരങ്ങളാണ് ഈ വീട്ടിലെ അച്ഛന്‍ ജോസും അമ്മ ലേഖയും. ഇവരുടെ മകളോ? ഇന്ത്യൻ സ്ട്രോങ് വുമൺ ടൈറ്റിൽ സ്വന്തമാക്കിയ പവർ ഫാമിലിയിലെ ശരിക്കും പവർ. പേര് ജ്വാല.
കർണാടകയിലെ ദാവൻഗരെയിൽ നടന്ന സീനിയർ നാഷണൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ജ്വാലയ്ക്ക് നേരിയ വ്യത്യാസത്തിലാണ് സ്വർണമെഡൽ നഷ്ടമായത്. വെള്ളിമെഡലിനൊപ്പം ബെസ്റ്റ് ലിഫ്റ്റർ ഓഫ് ഇന്ത്യ 2025 പട്ടം കൂടിയായപ്പോൾ നേട്ടത്തിന് സ്വർണത്തേക്കാൾ തിളക്കം. 57 കിലോ വിഭാഗം മത്സരത്തിൽ 502.5 കിലോ ഭാരം ഉയർത്തിയാണ് ജ്വാല കരുത്ത് കാട്ടിയത്.
കഴിഞ്ഞവർഷം ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും, മൂന്ന് വെങ്കലവും നേടി നാടിൻ്റെ അഭിമാനമായി ജ്വാല. 2022ൽ പവർലിഫ്റ്റിങ്ങിൽ ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിലെല്ലാം ‘സ്ട്രോങ് വിമെൻ ഓഫ് ഇന്ത്യ’ പട്ടവും നേടി.
പവർലിഫ്റ്റിങ് താരങ്ങളായ അച്ഛനും അമ്മയും തന്നെയാണ് ജ്വാലയുടെ പ്രചോദനം. അച്ഛൻ ജോസാണ് ജ്വാലയുടെ പരിശീലകൻ. സ്ട്രോങ് മാൻ ഓഫ് കേരള, സ്ട്രോങ് മാൻ ഓഫ് ട്രിവാൻഡ്രം ഒക്കെയായിരുന്നു ജോസ്. മുന്നാം വയസ് മുതൽ അച്ഛനും അമ്മയ്ക്കുമൊപ്പം പരിശീലന ഗ്രൗണ്ടുകളിൽ ജ്വാല എത്താറുണ്ട്.
25 വയസ്സിനിടെ 11 ശസ്ത്രക്രിയകളിലൂടെയാണ് ജ്വാല കടന്നുപോയത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പവർലിഫ്റ്റിങ്ങിനോടൊപ്പം പഠനത്തിലും മിടുക്കിയാണ്. ബിരുദത്തിൽ 95 ശതമാനത്തിലേറെ മാർക്കും ബിരുദാനന്തര ബിരുദത്തിൽ ഫസ്റ്റ് ക്ലാസും നേടി. ഇപ്പോൾ മറ്റൊരു വിഷയത്തിൽ ബിരുദാനന്തരം ചെയ്യുന്നു.
ലോക ചാംപ്യൻഷിപ്പ് എന്ന സ്വപ്നമാണ് ജ്വാലയ്ക്കു മുന്നില്‍ ഇനിയുള്ളത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിശീലനം. ഓരോ ചാംപ്യൻഷിപ്പിനും ലക്ഷങ്ങളാണ് കുടുംബത്തിന് ചെലവ് വരുന്നത്. ലോക ചാമ്പ്യൻഷിപ്പ് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ ജ്വാലയ്ക്ക് സഹായങ്ങളും കൂടിയേ തീരൂ.