ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ബാബു പ്രസാദിനെ മാറ്റിയേക്കും. ഒഴിവു വരുന്ന അധ്യക്ഷ പദവി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ കെ സി വേണുഗോപാല്‍ വിഭാഗം ശക്തമാക്കിയതായാണ് സൂചന. പാര്‍ട്ടി ജില്ലാ ഘടകത്തില്‍ വിഭാഗീയത രൂക്ഷമായതായും അഭ്യൂഹമുണ്ട്.
ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷ പദവിയ്ക്കായുള്ള കരുനീക്കം വിഭാഗീയതയുടെ ആക്കം കൂട്ടുകയാണ്. വര്‍ഷങ്ങളായി രമേശ് ചെന്നിത്തലയുടെ വിശ്വസ്തരായിരുന്നു ഇവിടെ ഡിസിസി പ്രസിഡന്റുമാര്‍. ഏറ്റവും ഒടുവില്‍ ബാബു പ്രസാദിനെ കൊണ്ടുവന്നതും ചെന്നിത്തലയാണ്. എന്നാല്‍ കെ.സി. വേണുഗോപാല്‍ വീണ്ടും ജില്ലയിലെത്തിയതോടെ കളി മാറുന്നു.
അധ്യക്ഷ പദവിയിലേക്കെത്താന്‍ കെസി പക്ഷം പദ്ധതി ഒരുക്കിക്കഴിഞ്ഞു. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം താളം തെറ്റിയെന്നും, നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് ചേക്കേറിയതും ഇക്കൂട്ടര്‍ കെപിസിസിയെ ധരിപ്പിച്ചു. ഇതോടെ നിലവിലെ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയേക്കും.
അഞ്ച് ദിവസത്തിനകം പുതിയ അധ്യക്ഷനെ തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ട്. അത് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനെ വെട്ടി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായിരിക്കുമെന്നാണ് സൂചന. അഞ്ചുപേരുടെ പ്രാഥമിക പട്ടികയില്‍ നിന്നും മൂന്നുപേരുടെ ലിസ്റ്റ് കെപിസിസി പ്രസിഡന്റ് കെ.സി. വേണുഗോപാലിന് കൈമാറും. ആ മൂന്നുപേരില്‍ ഒരാളായിരിക്കും ഡിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
അതേസമയം വിഭാഗീയതയെ തുടര്‍ന്ന് പിരിച്ചുവിട്ട ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റിയും കെ സി പക്ഷം പിടിച്ചെടുത്തിരുന്നു. വേണുഗോപാലിന്റെ സ്വന്തം അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സൗത്ത് ബ്ലോക്കിന്റെ ചുമതല. താഴേത്തട്ട് മുതല്‍ പിടിവിട്ടു പോകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല.