സാധാരണ കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ വന്‍ വെറുപ്പിക്കലാണ്. എന്നാല്‍ ഒരു ഐഐടിയില്‍ നടന്നത് വേറെ ലെവല്‍ വൈബ് കോണ്‍വൊക്കേഷന്‍. അതിനു കാരണമായത് ഒരു പ്രൊഫസറുടെ നൈസ് ഇടപെടലാണ്. ഐഐടി റോപഡിലെ ബിരുദദാന ദിനത്തില്‍ ഏവരുടെയും ഹൃദയം കീഴടക്കിയ ആ പൂക്കി പ്രൊഫസറെ പരിചയപ്പെടാം ഇനി.
സ്റ്റേജിലേക്ക് വന്ന് സര്‍ട്ടിഫിക്കറ്റ് മേടിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി തന്റെ പ്രൊഫസറോട് ഒരു ആഗ്രഹം പറഞ്ഞു. പ്രൊഫസര്‍ സമ്മതിച്ചു. ശേഷം കാണുന്നത് ഇരുവരും സണ്‍ഗ്ലാസ് ധരിച്ച് പോസ് ചെയ്യുന്നതാണ്. പിന്നീട് 3 മണിക്കൂര്‍ നീണ്ട ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരം ലയണല്‍ മെസ്സിയുടെ സ്ലോമോ വോക്ക്, വിക്ടറി പോസ്, കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ട്, ഡാബ് പോസുകളും പ്രൊഫസര്‍ ചെയ്തു.
ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസം അവര്‍ ആഗ്രഹിച്ചപോലെ കളറാക്കാന്‍ മനസ് കാണിച്ച ആ പൂക്കീ പ്രൊഫസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.ഇന്റര്‍നെറ്റ് ലോകം ആളെ തിരഞ്ഞുകൊണ്ടിരിക്കുന്നു.
ഇതാണ് പ്രൊഫസര്‍ രാജീവ് അഹുജ. സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയില്‍ നിന്ന് അവധിയെടുത്ത് 2021ല്‍ ഐ.ഐ.ടി. റോപ്പഡില്‍ ഡയറക്ടറായി ജോയിന്‍ ചെയ്ത പ്രൊഫസര്‍. ജൂലൈ 16-ന് നടന്ന കോണ്‍വൊക്കേഷനില്‍ 700-ഓളം കുട്ടികള്‍ക്കാണ് അഹുജ ബിരുദം സമ്മാനിച്ചത്.
സ്വീഡന്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ചെയ്യുമ്പോഴാണ് ബിരുദദാന ചടങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. അവിടെ കുട്ടികളുടെ ബിരുദദാന ചടങ്ങില്‍ ഒരു ഗ്രാമം മൊത്തം ആഘോഷിക്കാന്‍ എത്തും. ആ അനുഭവത്തില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്നും പ്രൊഫസര്‍ പറഞ്ഞു.
സാധാരണ കോണ്‍വൊക്കേഷന്‍ ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രൊഫസര്‍ അഹുജ പിള്ളേരുടെ ആവേശത്തില്‍ അതേ വൈബ് പിടിച്ചു. സണ്‍ഗ്ലാസുകള്‍ വെച്ചു. ഫോട്ടോ എടുക്കുന്നതിനിടയില്‍ ഡാബിങ്ങും കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ടും ജിംനാസ്റ്റിക്‌സും ഫിസ്റ്റ് ബമ്പിംഗും എല്ലാമായി ചടങ്ങ് വൈറല്‍.
അങ്ങനെ പ്രൊഫസര്‍ക്ക് ‘പൂക്കി പ്രൊഫസര്‍’ എന്ന പേരും വീണു. ഏതായാലും ഈ ബിരുദദാന ചടങ്ങ് ഒരുകാലത്തും മറക്കില്ല, അവര്‍ക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന പൂക്കി പ്രൊഫസറേയും.