ആലപ്പുഴ ചാരുംമൂടിലെ നാലാം ക്ലാസുകാരിക്ക് ക്രൂര മർദനം നേരിടേണ്ടിവന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ കുട്ടികൾ പലപ്പോഴും പുറത്ത് പറയാറില്ല. രണ്ടാനമ്മ രണ്ടാനച്ഛൻ എന്നിവർ ഉള്ളവരെ കുറിച്ച് സ്കൂളുകളിൽ ഒരു കണക്കെടുപ്പ് വേണമെന്ന് മന്ത്രി നിർദേശിച്ചു. പ്രധാന അധ്യാപകർ സ്കൂളുകളിൽ പരാതി പെട്ടി വെക്കണമെന്നും, കുട്ടികളുടെ സുരക്ഷ അതത് ക്ലാസിലെ ടീച്ചർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.
കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.
ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
“സാധാരണയായി കുഞ്ഞുമനസ്സുകളിലെ സന്തോഷവും കൗതുകവും നിറഞ്ഞ ഡയറിക്കുറിപ്പുകളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കാറ്. പക്ഷേ, ഇന്ന് ഈ ഡയറിക്കുറിപ്പ് വായിച്ചപ്പോൾ എ കണ്ണുകൾ നിറഞ്ഞുപോയി. ആലപ്പുഴ ചാരുംമൂടിലെ ഈ ഒമ്പത് വയസ്സുകാരിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. ഈ മോളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും ഈ കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യും. കുഞ്ഞുമോളുടെ കൂടെ ഈ നാടുണ്ട്”, മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.