യുക്രയ്ൻ-റഷ്യ വെടിനിർത്തലിനായുള്ള നിർണായക ചർച്ചകളിൽ വൊളോഡിമിര്‍ സെലെന്‍സ്കിക്ക് ക്ഷണമില്ല. അലാസ്കയിൽ നടക്കുന്ന ഉച്ചകോടിയിലാണ് യുക്രെയ്ൻ പ്രസിഡൻ്റിനെ ഒഴിവാക്കിയത്.
ഉച്ചകോടിയിൽ പുടിൻ- ട്രംപ് കൂടിക്കാഴ്ച മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ഉച്ചകോടിക്ക് മുൻപ് സെലെൻസ്കിയുമായി ട്രംപ് ഫോണിൽ സംസാരിക്കുമെന്നും സൂചനയുണ്ട്.
ത്രികക്ഷി ചർച്ചകള്‍ക്ക് സാധ്യത തള്ളിയ വൈറ്റ് ഹൗസ്, ട്രംപും പുടിനും തമ്മിലെ ഉഭയകക്ഷി കൂടിക്കാഴ്ചയായിരിക്കും അലാസ്കയില്‍ നടക്കുക എന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, ഉച്ചകോടിക്ക് മുന്നോടിയായി സെലൻസ്കിയുമായി ട്രംപ് ഇന്ന് സംസാരിക്കും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഉള്‍പ്പടെ യൂറോപ്യൻ നേതാക്കളും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടും ഇന്നത്തെ വെർച്വല്‍ യോഗത്തില്‍ പങ്കുചേരുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ആങ്കറാജിലാണ് അലാസ്ക ഉച്ചകോടി നടക്കുന്നത്.