ഫോൺവിളി വിവാദത്തിൽ പാലോട് രവി കുറ്റക്കാരനല്ലെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്. പാലോട് രവിക്കെതിരെ കൂടുതൽ നടപടികൾ വേണ്ടയെന്നും നന്നായി പ്രവർത്തിച്ചെങ്കിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുയോഗത്തിലോ പൊതുഇടത്തോ അല്ല പാലോട് രവി സംസാരിച്ചത്. ശബ്ദരേഖ പ്രചരിപ്പിച്ച വാമനപുരം ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി എ. ജലീലിനെതിരെ നടപടി തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി അന്ന് തിരുവനന്തപുരം അധ്യക്ഷനായിരുന്ന പാലോട് രവി നടത്തിയ സംഭാഷണം പുറത്തുവന്നത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. ‘കോൺഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാൽ പാർട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാർക്സിസ്റ്റ് ഭരണം തുടരും.” എന്നിങ്ങനെയായിരുന്നു പാലോട് രവിയുടെ ശബ്ദ സന്ദേശം.
ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പകരം കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തനാണ് ചുമതല നല്‍കിയത്. താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.