തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയത് തൻ്റെ വീഴ്ചമൂലമല്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. ശസ്ത്രക്രിയ മുടങ്ങിയത് സർക്കാർ വക പ്രോബില്ലാത്തതിനാലെന്ന് ആരോഗ്യവകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസിന്റെ മറുപടി നൽകി. കള്ളം പറഞ്ഞിട്ടില്ലെന്നും സർക്കാരിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
മൂത്രക്കല്ല് നീക്കം ചെയ്യുന്ന മെഷീനായ ലിത്തോക്ലാസ്റ്റിൽ ഉപയോഗിക്കുന്ന പ്രോബ് അധികൃതർ വാങ്ങി നൽകാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് നാലംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കിയുള്ള അന്വേഷണ റിപ്പോർട്ടാണ് അന്വേഷണസമിതി നൽകിയത്. ഉപകരണമില്ലെന്ന് ഡോക്ടർ വെളിപ്പെടുത്തിയതിൻ്റെ പിറ്റേന്ന് ഡോ. ഹാരിസ് പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാനായിരുന്നു ഡോക്ടറുടെ നിലപാട്.