യുക്രെയ്ൻ-റഷ്യ വെടിനിർത്തലിൽ നിർണായ ചർച്ച ഇന്ന്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനും ഇന്ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. അലാസ്കയിലെ സൈനിക താവളത്തിലാണ് കൂടിക്കാഴ്ച. ഇന്നത്തെ കൂടിക്കാഴ്ചയോടെ യുക്രെയ്‌നിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘ്യാതം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് പൂർണ പിന്തുണയാണ് ട്രംപിന്റെ വാഗ്ദാനം. നിരവധി ചർച്ചകൾ നടത്തിയിട്ടും പരാജയപ്പെട്ട വെടിനിർത്തൽ കരാർ കൈവരിക്കുന്നതിന് പുടിനുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം പ്രയോജനപ്പെടുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. എന്നാൽ മീറ്റിങ് വിജയിക്കാതിരിക്കാൻ 25 ശതമാനം സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡൻ്റ് വിലയിരുത്തി.
അതേസമയം ട്രംപ് – പുടിന്‍ കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഇന്ത്യക്കെതിരായ തീരുവ നടപടി കടുപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴ ഇനിയും ഉയർത്തും. ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് ടിവി അഭിമുഖത്തില്‍ സ്കോട്ട് ബെസെന്‍റ് പറഞ്ഞു.
അലാസ്ക ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സ്കോട്ട് ബെസെന്‍റ് അറിയിക്കുന്നത്. യുക്രെയ്ൻ -റഷ്യ സംഘർഷത്തിന് വെസ്റ്റ് ബാങ്ക് ശൈലിയിൽ പരിഹാരത്തിനാണ് യുഎസിൻ്റെ ആലോചനയെന്നാണ് റിപ്പോർട്ട്.
റഷ്യ കയ്യേറിയ യുക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി യുക്രെയ്നിന്‍റെ ഭാഗമായിരിക്കുമ്പോൾത്തന്നെ സുരക്ഷാപരമായും സാമ്പത്തികവുമായ നിയന്ത്രണം റഷ്യക്ക് നൽകി സമവായത്തിന് നീക്കമെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചയിലാണ്, ഇസ്രയേൽ വെസ്റ്റ്ബാങ്കിൽ ചെയ്യുന്നതിന് സമാനമായി യുക്രെയ്ൻ പ്രദേശങ്ങളിൽ പരിഹാരത്തിന് നിർദേശം ഉയർന്നത്.