‘ത്രീ ഇഡിയറ്റ്സ്’ എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അച്യുത് പോട്‌ദാർ അന്തരിച്ചു. 91 വയസ്സായിരുന്നു പ്രായം. ഹിന്ദി, മറാത്തി ചിത്രങ്ങൾ ഉൾപ്പെടെ 125 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച താനെയിലെ ജുപ്പീറ്റർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് താനെയിലെ വസതിയിൽ വെച്ച് നടക്കും.
നാല് ദശകം നീണ്ട അഭിനയ സപര്യയിൽ അച്യുത് പോട്‌ദാർ 125 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിയേറ്ററുകളിൽ നേട്ടമുണ്ടാക്കിയ ഹിറ്റ് ചിത്രങ്ങൾക്ക് പുറമെ, നിരൂപക പ്രശംസ നേടിയ കാമ്പുള്ള ചിത്രങ്ങളുടെയും ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ആക്രോശ്, ആൽബർട്ട് പിൻ്റോ കോ ഗുസ്സ ക്യൂൻ ആതാ ഹേ, അർധ സത്യ, തേസാബ്, പരിന്ദ, രാജു ബൻ ഗയാ ജെൻ്റിൽമാൻ, ദിൽവാലെ, രംഗീല, വാസ്തവ്, ഹം സാത്ത് സാത്ത് ഹേ, പരിണീത, ലഗേ രഹോ മുന്നാ ഭായ്, ദബാംഗ് 2, വെൻ്റിലേറ്റർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
‘ത്രീ ഇഡിയറ്റ്സ്’ എന്ന ആമിർ ഖാൻ ചിത്രത്തിൽ കണിശക്കാരനായ പ്രൊഫസറുടെ റോളിലാണ് അദ്ദേഹം ശ്രദ്ധേയനായത്. ദൂരദർശനിലെ ഉൾപ്പെടെ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
തുടക്ക കാലത്ത് മധ്യപ്രദേശിലെ രേവയിൽ കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യൻ ആർമിയിലും ചേർന്നു. 1967ൽ 58ാമത്തെ വയസ്സിൽ ക്യാപ്റ്റനായി വിരമിച്ച ശേഷമാണ് സിനിമ-നാടക അഭിനയത്തിലേക്ക് തിരിഞ്ഞത്.