മമ്മൂട്ടിയുടെ രോഗം ഭേദമായെന്നും പൂർണ ആരോഗ്യം വീണ്ടെടുത്തെന്നുമുള്ള സൂചന നൽകി നിർമാതാവ് ആൻ്റോ ജോസഫ്. ചൊവ്വാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലൂടെയാണ് നിർമാതാവിൻ്റെ ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി അടുത്തമാസം പകുതിയോടെ സിനിമാ ചിത്രീകരണത്തിൽ പങ്കാളിയാകുമെന്നും ആൻ്റോ ജോസഫ് അറിയിച്ചു.
“ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി,” എന്നായിരുന്നു ആൻ്റോ ജോസഫിൻ്റെ പോസ്റ്റ്.

ഈ പോസ്റ്റിന് താഴെ മാലാ പാർവതി ഉൾപ്പെടെ നിരവധി പേരാണ് സന്തോഷം പങ്കിടുന്നത്. മമ്മൂട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടിക്ക് ആയുരാരോഗ്യ സൗഖ്യവും പുതിയ സിനിമകൾക്ക് ആശംസകളും നേരുകയാണ് ആരാധകരെല്ലാം.
കളങ്കാവലാണ് അടുത്തതായി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ബിഗ് ബജറ്റിൽ ഇറങ്ങാൻ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഉൾപ്പെടെ ഏതാനും സിനിമകൾ മമ്മൂട്ടിയുടേതായി വരാനിരിക്കെയാണ് രോഗ വാർത്ത പുറത്തുവരുന്നത്. ചികിത്സയ്ക്കായി അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.