പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസവും ബീഹാറിൽ പര്യടനം തുടരുന്നു. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഗയിലേക്കാണ് ഇന്നത്തെ റാലി. കഴിഞ്ഞ ദിവസം നടന്ന റാലിയിലും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.
അതേസമയം, എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഇന്നും പ്രതിഷേധിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകുന്നതിൽ ഇന്ന് തുടർചർച്ച നടക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നീക്കവുമായി ഇൻഡ്യാ മുന്നണി എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇൻഡ്യാ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്.