കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്ന റംബൂട്ടാന് ഇപ്പോൾ 100 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. അതിനിടെ ഹോർട്ടികോർപ് വഴി റംബൂട്ടാൻ സംഭരിക്കുമെന്ന ഉറപ്പ് നൽകി കൃഷിവകുപ്പ് രംഗത്തെത്തി.
മെയ് മാസം മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ റംബൂട്ടാൻ കൃഷിയുടെ വിളവെടുപ്പ് നാളുകളാണ്. എന്നാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മലയോരമേഖകളിലെ റംബൂട്ടാൻ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഏക്കർ കണക്കിന് തോട്ടങ്ങളിൽ ഇപ്പോഴും റംബൂട്ടാൻ പഴങ്ങൾ മരങ്ങൾ നിറയെ വലയിട്ട് മൂടിയ അവസ്ഥയിലാണ്.