ബെൽവിൽ: ഭക്തിനിറവുംആഘോഷോത്സാഹത്തോടും ചേർന്നു മൂന്നു ദിവസമായി ബെൽവിൽ വി. കുര്യാക്കോസ് ചാവറ സീറോ-മലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപനം കണ്ടു. ആഗസ്റ്റ് 15–17 വരെ നീണ്ട ഈ ദിനങ്ങൾ, വിശ്വാസികളും കുടുംബങ്ങളും കൈകോർക്കുന്ന ആത്മീയ–സാമൂഹിക ആഘോഷപൂർണ്ണമായി തെളിഞ്ഞു.

ആദ്യദിനമായ വെള്ളിയാഴ്ച വൈകിട്ട് തിരുകർമ്മങ്ങളിൽ ആരാധന, വിശുദ്ധ കുർബാന, നേർച്ച വിഭവ വിതരണം എന്നിവ നടന്നു. ആത്മീയ പുതുക്കലിന് തുടക്കം കുറിച്ച ആദ്യദിനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. രണ്ടാംദിനമായ ശനിയാഴ്ചയും വൈകിട്ട് വിശുദ്ധ കുർബാന, രൂപം വെഞ്ചിരിപ്പ്, തിരുനാൾ കൊടിയേറ്റം, പൂർവികരുടെ അനുസ്മരണം എന്നിവ ഭക്തിനിബദ്ധതയോടെ ആചരിച്ചു. ആത്മീയഗൗരവം നിറഞ്ഞ ചടങ്ങുകളിൽ വിശ്വാസികൾ കൂട്ടത്തോടെ പങ്കുചേർന്നു.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച, ആഗസ്റ്റ് 17 വൈകിട്ട് പ്രസുദേന്തി വാഴ്‌ചയോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് തിരുനാൾ സമൂഹബലിയും, ഭക്തിനിറഞ്ഞ പ്രദക്ഷിണവും, നേർച്ച ഭക്ഷണ വിതരണവും നടന്നു. അനവധി ഭക്തജനങ്ങൾ പങ്കെടുത്ത സമാപനദിനം ആത്മീയതയും സാമൂഹികതയും നിറഞ്ഞ അനുഭവമായി. ആഘോഷത്തിൻ്റെ ഭംഗി കൂട്ടി CK ബീറ്റ്സ് അവതരിപ്പിച്ച ശിങ്കാരിമേളം വിശ്വാസികൾ ആവേശത്തോടെ ആസ്വദിച്ചു. കൂടാതെ, ഇടവകാംഗങ്ങൾ തയ്യാറാക്കിയ “Thousand തട്ടുകട” ഫുഡ് ട്രക്ക്, “ഇത് നമ്മുടെ കട” കൂൾഡ്രിങ്ക്‌സ് സ്റ്റാൾ, ഭക്തജനങ്ങൾക്ക് രുചിപുരസ്സരമായ അനുഭവം സമ്മാനിച്ചു.

കുടുംബങ്ങളെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച “കളിപ്പാട്ടം”– 1990’s Kids Toy Store, പഴയകാല വിനോദങ്ങളിലൂടെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയി. കുട്ടികൾക്ക് പ്രത്യേക ആകർഷണമായി “ഫേസ് പേന്റിംഗും” ഒരുക്കിയിരുന്നു. പ്രത്യേകിച്ച്, വ്യത്യസ്ത മതവിഭാഗങ്ങളിലെയും കനേഡിയൻ സമൂഹത്തിലെയും അംഗങ്ങൾ തിരുനാളിൽ പങ്കുചേർന്നത്, പരിപാടിയെ കൂടുതൽ സർവസമൂഹ സൗഹൃദപരവും അന്തർസാംസ്കാരികവുമായ ഒന്നാക്കി. ആത്മീയ കർമ്മങ്ങളും സാംസ്കാരിക പരിപാടികളും സൗഹൃദവും ഐക്യവും പങ്കുവെച്ചുകൊണ്ട് സമാപിച്ച ഈ തിരുനാൾ, വിശ്വാസസമൂഹത്തിന് മറക്കാനാവാത്ത ഓർമ്മയായി മാറി.

ജോമോൻ ജോയ്