ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ തരാലി പ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്. സമീപത്തുള്ള സാഗ്വാര ഗ്രാമത്തിൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു പെൺകുട്ടി മരിച്ചതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ സംഭവത്തിൽ നിരവധി ആളുകളെ കാണാതായി.
പ്രദേശത്ത് ഗൗച്ചറിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയടക്കം എത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തിന് പിന്നാലെ മലകൾ കുത്തിയൊലിച്ചതോടെ നിരവധി ആളുകൾ വീടുകൾ വിട്ടു.
ചെപ്‌ദൗൺ മാർക്കറ്റിലെ ചില കടകൾക്കും കേടുപാടുകളുണ്ടായി. മിങ്‌ഗെഡേരയ്ക്ക് സമീപമുള്ള തരാലി-ഗ്വാൾഡാം റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച തരാലി തഹസിലിലെ എല്ലാ സ്കൂളുകളും അംഗൻവാടി കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.