ഏറ്റവും പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 6,29,995 രൂപ മുതൽക്കാണ് കൈഗറിൻ്റെ വില ആരംഭിക്കുന്നത്. 5 സീറ്റർ എസ്‌യുവിയുടെ ഏറ്റവും പുതിയ വേർഷനാണിത്. പുത്തൻ ഡിസൈനും, ബോൾഡ് ഫ്രണ്ട് ഫേസും, മസ്കുലാർ ഷോൾഡറുകളും സ്‌പോർട്ടി സ്റ്റാൻസും കാറിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നുണ്ട്.
ഡേടൈം റണ്ണിംഗ് ലാമ്പുകൾ, ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ, ട്രൈ-ഒക്ട പ്യുവർ വിഷൻ എൽഇഡി ലൈറ്റുകൾ എന്നിവയുൾപ്പെടെ പൂർണമായ 360° എൽഇഡി ലൈറ്റിംഗാണ് പുതിയ കൈഗറിൽ സജ്ജീകരിച്ചിരിക്കുന്നത്. 40.64 സെന്റീമീറ്റർ ഡയമണ്ട്-കട്ട് എവേഷൻ അലോയ് വീലുകൾ, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് ബാറുകൾ, സി-ആകൃതിയിലുള്ള സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 205 എംഎം ഗ്രൗണ്ട് ക്ലിയറൻസും ലോ ഗിയർ മോഡും ഉള്ള ഈ എസ്‌യുവി സിറ്റി ഡ്രൈവിംഗും ഇടയ്ക്കിടെയുള്ള ഓഫ്-റോഡ് യാത്രകൾക്കുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അളവുകളുടെ കാര്യമെടുത്താൽ, കൈഗറിന് 1605 മി.മീ ഉയരവും 3990 മി.മീ നീളവുമുണ്ട്. ഇതിന്റെ ബോഡി വീതി 1536 മി.മീ ആണ്, പുറംഭാഗത്തെ റിയർ-വ്യൂ മിററുകൾ പൂർണമായും വിന്യസിക്കുമ്പോൾ ഇത് 1912 മി.മീ വരെ നീളുന്നു.
11 സെക്കൻഡിനുള്ളിൽ 0ത്തിൽ നിന്ന് 100 കിലോമീറ്റർ / മണിക്കൂർ വേഗത കൈവരിക്കുന്ന 100 പിഎസ് ടർബോചാർജ്ഡ് എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 72 പിഎസ് എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. ഒതുക്കമുള്ളതും ഭാരം ഒപ്റ്റിമൈസ് ചെയ്തതുമായ എഞ്ചിൻ ഡിസൈൻ ഇന്ധനക്ഷമതയെ പിന്തുണയ്ക്കുന്നതിനൊപ്പം ഇന്റീരിയർ സ്പേസ് വർധിപ്പിക്കുന്നു.
ത്രോട്ടിൽ റെസ്പോൺസ്, സ്റ്റിയറിംഗ് ഭാരം, സിവിടി ഗിയർ റേഷ്യോ എന്നിവ ഡ്രൈവിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് ക്രമീകരിക്കുന്ന ഇക്കോ, നോർമൽ, സ്പോർട്ട് ഡ്രൈവ് മോഡുകൾ കൈഗറിലുണ്ട്. ഇതുവഴി നഗര, ഹൈവേ റോഡുകളിൽ ബാലൻസ്ഡ് പെർഫോർമൻസ് കാഴ്ചവെയ്ക്കാൻ കഴിയും. ചെലവ് കുറഞ്ഞതും കുറഞ്ഞ എമിഷനുള്ളതുമായ ഫാക്ടറി-ഫിറ്റഡ് സിഎൻജി കിറ്റും കൈഗറിൽ ലഭ്യമാണ്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് പുതിയ കൈഗറിലെ സുരക്ഷാ സവിശേഷതകൾ. ഇംപാക്ട് റെസിസ്റ്റൻസ് വർധിപ്പിക്കുന്ന ഭാരം കുറഞ്ഞ ഹൈ-ടെൻസൈൽ സ്റ്റീൽ ബോഡി ഘടനയിലാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി എബിഎസ്, ബ്രേക്ക് അസിസ്റ്റുള്ള ഇബിഡി, ട്രാക്ഷൻ കൺട്രോൾ, പെടസ്ട്രിയൻ പ്രൊട്ടക്ഷൻ എന്നിങ്ങനെ അധിക സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളും കാറിലുണ്ട്.