മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന അശ്വിൻ അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വിദേശ ലീഗുകളിൽ കളിക്കുന്നതിനായാണ് ഈ തീരുമാനം. 38കാരനായ അശ്വിൻ ഐപിഎല്ലിൽ 221 മത്സരങ്ങളിൽ 187 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ 9.75 കോടിക്കാണ് ടീമിൽ എടുത്തത്.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികച്ച ബൗളറാണ് അശ്വിൻ. 18ാമത്തെ ടെസ്റ്റിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ടെസ്റ്റിൽ 100 റൺസും അഞ്ച് വിക്കറ്റും നേടുകയെന്ന അപൂർവ നേട്ടം രണ്ട് തവണ നേടിയ ഒരേയൊരു ഇന്ത്യക്കാരനുമാണ് അശ്വിൻ.
38കാരനായ താരം തമിഴ്നാട്ടിലെ മദ്രാസിലുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ഐടിയിൽ ബി.ടെക് ബിരുദധാരിയാണ്. അശ്വിന്റെ പിതാവും തമിഴ്നാട്ടിലെ അറിയപ്പെടുന്നൊരു ഫാസ്റ്റ് ബൗളറായിരുന്നു. 2011 നവംബറിൽ അശ്വിൻ ബാല്യകാല സുഹൃത്തായിരുന്ന പ്രീതി നാരായണനെ വിവാഹം കഴിച്ചു. ചെന്നൈയിലെ മാമ്പലത്താണ് കുടുംബസമേതം താമസിക്കുന്നത്.