രണ്ടു വർഷത്തിലേറെ നീണ്ട സംഘർഷത്തിനു ശേഷം മണിപ്പൂർ സമാധാനത്തിലേക്ക്. ദേശീയ പാത – 02 വീണ്ടും തുറക്കാൻ കുക്കി-സോ കൗൺസിലിൽ (KZC) തീരുമാനമായി. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയവും കുക്കി-സോ കൗൺസിൽ പ്രതിനിധി സംഘവും തമ്മിൽ നടന്ന ചർച്ചകളിൽ ആണ് തീരുമാനം. സുരക്ഷാ സേനയുമായി പൂർണ്ണ സഹകരണം കുക്കി-സോ കൗൺസിൽ ഉറപ്പ് നൽകി. എംഎച്ച്എ, മണിപ്പൂർ സർക്കാർ, കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവർ ത്രികക്ഷി കാരറിൽ ഒപ്പ് വച്ചു.ഇന്ന് മുതൽ ഒരു വർഷത്തേക്കാണ് സമാധാന കരാർ. ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സമാധാന കരാറിൽ സംഘടനകൾ ഒപ്പുവെച്ചത്.
ഈ നിർണായക പാതയിൽ സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കുക്കി-സോ കൗൺസിൽ വ്യക്തമാക്കി. നിലവിൽ പ്രവർത്തിച്ചുവരുന്ന ക്യാമ്പുകളുടെ എണ്ണം കുറയ്ക്കാനും ആയുധങ്ങൾ അടുത്തുള്ള സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും കരാറിൽ വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം നടപടികൾ. ഇതനുസരിച്ച് സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏഴ് നിയുക്ത ക്യാമ്പുകൾ മാറ്റി സ്ഥാപിക്കും.വിദേശികളെ കണ്ടെത്തി തിരികെ അയക്കാനും കരാറിൽ പറയുന്നുണ്ട്.