സംസ്ഥാനത്ത് സർക്കാർ കാത്ത് ലാബുകളിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരം കാണാതെ സർക്കാർ. 158 കോടി രൂപയാണ് ഉപകരണ വിതരണക്കാർക്ക് നൽകാനുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു.
19 മാസത്തെ കുടിശ്ശികയായ 158 കോടി രൂപ സർക്കാരിൽ നിന്നും ലഭിക്കാതെ വന്നതോടെയാണ്, ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളായ ബലൂണുകൾ, ഗൈഡ് വയറുകൾ തുടങ്ങിയ ശാസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തിവച്ചത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൃദയശസ്ത്രക്രിയകൾ പ്രതിസന്ധിയിലായി. ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം ആകാത്തതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിരിക്കുകയാണ്. ഇതോടെ രോഗികളും ദുരിതത്തിലായി.
ഉപകരണ വിതരണക്കാർക്ക് നൽകാൻ കാരുണ്യ ഫണ്ടിൽ നിന്ന് അടിയന്തരമായി രണ്ടുകോടി രൂപ കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും ആ തുക മതിയാകില്ല എന്നാണ് ഉപകരണ വിതരണക്കാർ പറയുന്നത്. മാർച്ച് 31 വരെയുള്ള കുടിശ്ശിക തന്നു തീർക്കാതെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് വിതരണക്കാർ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പടെ 21 സർക്കാർ ആശുപത്രികളിലേക്കുളള മെഡിക്കൽ ഉപകരണ വിതരണമാണ് നിർത്തിവെച്ചത്. ഒരാഴ്ചയായിട്ടും വിതരണക്കാരുമായി ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.