ഖത്തറിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. ഭീകരർക്ക് സംരക്ഷണം നൽകുന്നവരെ അംഗീകരിക്കാനാകില്ലെന്നും, അല്ലെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. 72 മണിക്കൂറിനിടെ ആറ് രാജ്യങ്ങളെയാണ് ഇസ്രയേൽ ആക്രമിച്ചത്. ഗൾഫ് മേഖല അപകടത്തിലെന്ന് ഖത്തർ പറഞ്ഞു. ഇതിനെ നേരിടാൻ കൂട്ടായ പ്രതികരണം വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അതേസമയം, ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഒരു ദിവസത്തിന് ശേഷം, യമൻ തലസ്ഥാനമായ സനയിലും അൽ-ജാവ്ഫ് ഗവർണറേറ്റിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും 131ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യെമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് പ്രാഥമിക മരണസംഖ്യയാണെന്നും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്നുണ്ടായ തീ അണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കാനും സിവിൽ ഡിഫൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം സനായിലെയും അൽ-ജാഫിലെയും കേന്ദ്രങ്ങൾ ആക്രമിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.