മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും, ഏത് വറൈറ്റി വിഭവമായാലും ഇത്തിരി ചോറും കറികളും കൂട്ടി കഴിക്കുന്ന ഫീൽ അത് വേറെ തന്നെ. ഭൂരിഭാഗം മലയാളികളും അത് പിന്തുടരുന്നുമുണ്ട്. ഇനി എന്തൊക്കെ പറഞ്ഞാലും ഉച്ചയൂണ് അത് ചോറും കറിയും നിർബന്ധമായവരും നിരവധിയാണ്. രണ്ടും മൂന്നും നേരം ചോറ് കഴിക്കുന്ന വിരുതന്മാരുമുണ്ട്.
ഇനി വയ്ക്കുന്ന ചോറിന്റെ അളവ് കൂടിയാലോ, സങ്കടം ഒട്ടും വേണ്ട. പണ്ടൊക്കെ വെള്ളമൊഴിച്ചിടും, ഇപ്പോ ദാ നേരെ ഫ്രിഡ്ജിൽ കയറ്റും. സിംപിൾ. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലമൊക്കെ സാധാരണയാണ്. സമയലാഭം, ഭക്ഷണം പാഴാക്കാതിരിക്കുക, തുടങ്ങി ന്യായങ്ങൾ പലതാണ്. പക്ഷെ എന്തു വിശദീകരണം നൽകിയാലും ആരോഗ്യത്തിന് ഇത് എട്ടിന്റെ പണിയാണ്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ കാണും. ഇത് ചൂടിനെ പ്രതിരോധിക്കും. അരി വേവിക്കുന്ന സമയത്ത് ഇവ പൂര്‍ണ്ണമായും ഇല്ലാതാകില്ല.
അരി വേവിച്ച് ഉപയോഗിച്ചതിനു ശേഷം മിച്ചം വരുന്ന ചോറ് തണുത്ത് കഴിഞ്ഞാൽ അത് വീണ്ടും ചൂടാക്കിയാൽ ഈ ബാക്ടീരിയകൾ വീണ്ടും ഉണ്ടാകും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.സാധാരണ താപനിലയിൽ ഇരിക്കുന്ന ചോറിനെ എടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് പിന്നീട് ഒരു ദിവസമോ, ദിവസങ്ങൾക്കോ ശേഷം പുറത്തെടുത്ത് ചൂടാക്കിയാൽ കൂടുതല്‍ അപകടമാണ്.
ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്താൽ അതി രൂക്ഷമായ ഭക്ഷ്യവിഷബാധയാകും നിങ്ങളെ കാത്തിരിക്കുന്നത്. ഇനി അത് ചെയ്തേ പറ്റൂ എന്നാണെങ്കിൽ ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, മൈക്രോവേവിൽ ചൂടാക്കുമ്പോൾ അൽപം വെള്ളം കൂടി ചേർക്കുക. അപകട സാധ്യത കുറയ്ക്കാനാകും.