ചാംപ്യന്മാരുടെ പോരിൽ സിറ്റിക്കും ബാഴ്സയ്ക്കും ആവേശജയം. സെൻ്റ് ജെയിംസ് പാർക്കിൽ വിജയകാഹളം മുഴക്കി കറ്റാലൻ കരുത്തർ. റാഷ്ഫോർഡിൻ്റെ മികവിൽ ന്യൂകാസിൽ കീഴടക്കി ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ ജയം. ഇരട്ട ഗോളുമായി ബാഴ്സയ്ക്കൊപ്പം ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് മാർക്കസ് റാഷ്ഫോർഡ്.അന്തണി ഗോർഡൺ ന്യൂകാസിലിൻ്റെ ആശ്വാസ ഗോൾ നേടി.
അതേസമയം, ഇറ്റാലിയൻ കരുത്തുമായി എത്തിഹാദിൽ ഇറങ്ങിയ നാപ്പോളിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. പരിശീലകൻ പെപ്പ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും സ്വന്തം തട്ടകത്തിൽ മിന്നും ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം.
സൂപ്പർ താരം എർലിംഗ് ഹാലണ്ടും ജെറമി ഡോക്കുവും നീലപ്പടയ്ക്കായി ഗോൾ നേടി. കരിയറിലെ ചാംപ്യൻസ് ലീഗ് ഗോളുകൾ 50 ആക്കി ഹാലണ്ട്. നേട്ടം അതിവേഗ കൈവരിക്കുന്ന താരമെന്ന ഖ്യാതിയും ഹാലണ്ട് സ്വന്തം പേരിൽ കുറിച്ചു. നാപ്പോളിയുടെ കുപ്പായത്തിൽ എത്തിഹാദിലേക്ക് പന്ത് തട്ടാനെത്തിയ ഡിബ്രുയിനും സംഘത്തിനും നിരാശയോടെ മടക്കം.