ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യ്ക്ക് വമ്പൻ റെക്കോർഡ്. അഞ്ച് മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്.
സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയും ചിത്രം മാറി. വിദേശ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്.
ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്‌ലിൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്. പ്രേക്ഷകരുടെ മുന്നിൽ ഒരത്ഭുത ലോകം തുറന്നിട്ട ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്. ആഗോള തലത്തിൽ 270 കോടി രൂപ ഗ്രോസ് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് “ലോക”.