കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം ഇംഗ്ലീഷിൽ പുസ്തകം ആകുന്നു. വൺ ടൈം വൺ ലൈഫ് എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൻ്റെ രചയിതാവ് കുന്നമംഗലം മർക്കസിലെ പൂർവ വിദ്യാർഥി കൂടിയായ സലാം കോളിക്കലാണ്. 40ലധികം രാജ്യങ്ങൾ സന്ദർശിച്ച കാന്തപുരം, തന്നെ പിന്തുടരുന്ന ഒരുപാട് വിശ്വാസികൾ ഉണ്ടായിട്ടും പാകിസ്ഥാൻ സന്ദർശിക്കാൻ എന്തുകൊണ്ട് തയ്യാറായില്ല എന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.
One time One Life, The incredible story of the Grand mufthi of india എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ, കാന്തപുരത്തിന്റെ ഇതുവരെയും പുറത്തു വരാത്ത ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുണ്ട്. കൂടാതെ നിമിഷ പ്രിയ കേസിൽ നടത്തിയ ഇടപെടലുകൾ, സമാധാന ശ്രമങ്ങൾ, വിവിധ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. ഇസ്ലാമിക മതവിശ്വാസികളുടെ തീർഥാടന കേന്ദ്രമായ സൗദിയിലെ മക്കയിലെ കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുത്തപ്പോൾ, കഅ്ബക്ക് ഉള്ളിൽ വച്ച് ചിന്തിച്ചത് എന്ത് തുടങ്ങിയ ഓർമകളും കാന്തപുരം പങ്കുവെക്കുന്നു. തീവ്രവാദ സംഘടനയായ ഐഎസിനെതിരെയുള്ള ഫത്‌വ തുടങ്ങിയവയും പുസ്തകത്തിലുണ്ട്.
ശ്രീലങ്കൻ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ ജയിൽ മോചിതരാക്കാൻ ശ്രീലങ്കൻ സർക്കാറുമായി ചർച്ച നടത്തിയത് കാന്തപുരം പരാമർശിക്കുന്നുണ്ട്. 25 വർഷം മുൻപുള്ള ഈ ശ്രമം അന്ന് പ്രധാനപ്പെട്ട വാർത്തയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടൽ മൂലം ഭൂരിപക്ഷം പേരെ മോചിപ്പിക്കുകയും, ബാക്കിയുള്ളവരെ ഇന്ത്യൻ ജയിലുകളിലേക്ക് മാറ്റുകയും അന്ന് ചെയ്തു. നിരവധി ലോക രാഷ്ട്രീയ- മത നേതാക്കളുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കാന്തപുരം.
ഇതുവരെ ഇവിടെയും രേഖപ്പെടുത്താത്ത ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളും വൺ ടൈം വൺ ലൈഫ് എന്ന പുസ്തകത്തിലുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തെ പ്രമുഖ ചരിത്രകാരൻ ഡോക്ടർ അനിൽ സേഥിയാണ് അവതാരിക എഴുതിയത്.കാന്തപുരത്തിന്റെ ജീവിതം ആസ്പദമാക്കി ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന പ്രഥമ ഗ്രന്ഥമാണ് വൺ ടൈം വൺ ലൈഫ്. ലണ്ടൻ, ദുബായ് , എന്നിവിടങ്ങളിൽ പുസ്തകത്തിൻറെ പ്രകാശനം നടക്കും.