പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയറിനു കീഴിൽ ആരംഭിച്ച അമൃത് ഫാർമസിക്ക്, രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയൻ ബഹുമതികളിലൊന്നായ സ്കോച്ച് അവാർഡ് ലഭിച്ചു. ഹെൽത്ത്കെയർ വിഭാഗത്തിൽ വെള്ളി മെഡലാണ് ലഭിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എച്ച്എൽഎൽ ഫാർമ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ബെന്നി ജോസഫ്, റീറ്റെയ്ൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രൻ ,പ്രോഡക്റ്റ് മാർക്കറ്റിങ് ഡിവിഷൻ മാനേജർ അന്നപൂർണ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ഭരണനിർവഹണം, നൂതന ആശയങ്ങൾ, പൊതുജന സേവനം എന്നീ മേഖലകളിൽ അമൃത് ഫാർമസി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 2015ൽ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ജെ പി നദ്ദ ഉദ്‌ഘാടനം ചെയ്ത അമൃത് ഫാർമസികളിലൂടെ മരുന്നുകളും ഇംപ്ലാന്റുകളും 50 ശതമാനത്തിലേറെ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള പ്രത്യേക മരുന്നുകൾ, സ്റ്റെന്റുകൾ, ഓർത്തോപീഡിക് ഉപകരണങ്ങൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയും ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിനോടകം, 66 ദശലക്ഷത്തോളം രോഗികളാണ് അമൃത് ഫാർമസിയുടെ സേവനം പ്രയോജനപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള 240 സ്റ്റോറുകളിലൂടെ രോഗികൾക്ക് ഏകദേശം 8000 കോടി രൂപയുടെ സാമ്പത്തിക ലാഭം നേടാനായതായും എച്ച് എൽ എൽ അറിയിച്ചു.