താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഇതോടെ ഇന്ത്യ-താലിബാൻ ബന്ധത്തിന് പുതിയ തുടക്കമാകുമെന്നാണ് സൂചന.
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് മുത്താക്കിക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 9 നും 16 നും ഇടയിൽ ന്യൂഡൽഹി സന്ദർശിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ദുബായിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മുത്താക്കിയുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിക്കുകയും, ജനതയോടുള്ള പരമ്പരാഗത സൗഹൃദം ഊട്ടിയുറപ്പിക്കുയും ചെയ്യുന്നതായി അറിയിച്ചു.
ഇന്ത്യ അഫ്ഗാനിസ്ഥാന് നേരിട്ട് മാനുഷിക സഹായവും ഭക്ഷ്യധാന്യങ്ങളും, മെഡിക്കൽ സാധനങ്ങളും, വികസന സഹായങ്ങളും നൽകിയിട്ടുണ്ട്. സമാനമായി അഫ്ഗാനിൽ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ഇന്ത്യ 15 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചു കൊടുത്തിരുന്നു. ഇതിന് തുടർച്ചയായി അവശ്യ മരുന്നുകൾ, ശുചിത്വ കിറ്റുകൾ, പുതപ്പുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെ 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ കയറ്റി അയച്ചിരുന്നു. ഇത് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനോടുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം വളരെ തന്ത്രപരമാണ്. താലിബാൻ സർക്കാരുമായി നേരിട്ട് ഇടപഴകുന്നത് അഫ്ഗാനിസ്ഥാനിലെ ദീർഘകാല താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാനും, മേഖലയിൽ നിന്ന് ഉയർന്നുവരുന്ന ഭീകര ഭീഷണികൾ തടയാനും ഈ സന്ദർശനം ഗുണകരമാകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.