ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ് ഇന്ന്. മലയാളം വാനോളം ലാൽസലാം എന്നപേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. സൗജന്യമായി പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
മലയാള സിനിമയെ വാനോളം ഉയർത്തി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് പുരസ്കാരം നേടിയതിനാണ് സംസ്ഥാന സർക്കാർ മോഹൻലാലിനെ ആദരിക്കുന്നത്. ഇന്ന് വൈകിട്ട് മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി.100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുമ്പോൾ മലയാളക്കര നൽകുന്ന ആദരവ് കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് കൈമാറുന്ന കവി പ്രഭാവർമ്മ എഴുതിയ പ്രശസ്തി പത്രം ഗായിക ലക്ഷ്മി ദാസ് കവിതയായി ചടങ്ങിൽ ആലപിക്കും.
മോഹൻലാലിൻ്റെ നായികമാരായി വേഷമിട്ട പ്രമുഖ നടിമാരും പരിപാടിയുടെ ഭാഗമാകും.മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’, മോഹൻലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ്റെ ‘തിരനോട്ടം’, മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതാർച്ചന എന്നിവയും. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.