ഐസിസി വനിതാ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. വനിത ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. പാകിസ്ഥാനെ 88 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. ക്രാന്തി ഗൗഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം നേടി.
പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം ലക്ഷ്യം കാണാതെ തകർന്ന് വീണു. 43 ഓവറിൽ 159 റൺസിന് പുറത്തായി. അത്ര നിറമുള്ള തുടക്കമായിരുന്നില്ല പാകിസ്ഥാന് ബാറ്റിംഗിൽ . നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണര്‍ സദഫ് ഷമാസും (6) മടങ്ങി. ആലിയ റിയാസും മടങ്ങിയപ്പോൾ പെര്‍വൈസ് – സിദ്ര സഖ്യം ക്രീസിൽ ചെറിയ പ്രതീക്ഷ നൽകി. എന്നാൽ വീണ്ടും വിക്കറ്റുകൾ പോയതോടെ ലക്ഷ്യം നേടാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. 50 ഓവറിൽ 248 റൺസാണ് ഇന്ത്യ നേടിയത്. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് തുലച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എങ്കിലും പതറാതെ ഭേദപ്പെട്ട സ്കോറിലേക്ക് എത്താനായ ആശ്വാസത്തിലാണ് ടീം ബൗളിംഗിനിറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ജമീമ റോഡ്രിഗസ് (32) റിച്ച ഘോഷ് (പുറത്താവാതെ 35), എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓപ്പണർമാരായ പ്രതീക റാവൽ (31) സ്മൃതി മന്ദാന (23) എന്നിവർക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (19), ഹർലീൻ ഡിയോളും (46), ജെമീമ റോഡ്രിഗസും (32) പുറത്തായി. ദീപ്തി ശർമ (25), സ്നേഹ് റാണ (20) എന്നിവർ വാലറ്റത്ത് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാകിസ്ഥാനായി പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാൽ, റമീൻ ഷമിം, നഷ്റ സന്ധു എന്നിവർ ഓരോ വിക്കറ്റെടുത്തു.

 
                                    