കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും കൈപ്പുഴത്തമ്പാനും ഒരേ വേദിയില്‍ സംഗമിക്കുന്ന ‘ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്’ ദൃശ്യാവിഷ്‌കാരത്തിന് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ മാജിക് പ്ലാനറ്റില്‍ തുടക്കം. വൈദ്യം, മന്ത്രവാദം, ജ്യോതിഷം, ഇന്ദ്രജാലം മുതലായ വിദ്യകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കൈപ്പുഴതമ്പാന്‍ സ്വാതിതിരുനാളിന്റെ രാജസദസ്സില്‍ വിരിയിച്ച വിസ്മയജാലങ്ങളാണ് ദ ലെജന്റിന്റെ ഇതിവൃത്തം. 12ഡി ദൃശ്യമികവില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീതവും നൃത്തവും ഇന്ദ്രജാലവും വിസ്മയങ്ങളും ഒത്തുചേരുന്ന നവകലാസൃഷ്ടി നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും.
ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന്റെ ആദ്യ പ്രദര്‍ശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി സ്ഥാപകന്‍ സൂര്യാകൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കരിവെള്ളൂര്‍ മുരളി മുഖ്യാതിഥിയാകും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറയും. ഗോപിനാഥ് മുതുകാടിന്റെ ആശയാവിഷ്‌കാരത്തില്‍ നാടകരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹസീം അമരവിളയാണ്. ഭരതരാജനാണ് സാങ്കേതിക വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന എമിലി ഐതിഹ്യമാലയെക്കുറിച്ച് നടത്തുന്ന സഞ്ചാരത്തിലൂടെയാണ് ദ ലെജന്റ് ആരംഭിക്കുന്നത്. ഒരു ടൈംട്രാവല്‍ എന്ന നിലയില്‍ സ്വാതിഭരണകാലത്തിലേയ്ക്കെത്തുന്ന എമിലി, നേരിട്ട് കാണുന്ന സംഭവങ്ങളിലൂടെയാണ് ദൃശ്യാവിഷ്‌ക്കാരം രൂപപ്പെടുത്തിയിട്ടുള്ളത്.
മലയാളി മനസ്സുകളെ മായിക സങ്കല്‍പ്പങ്ങളിലേയ്ക്ക് എടുത്തുയര്‍ത്തിയ അത്ഭുതഗാഥകളുടെ സമഹാരമാണ് ഐതിഹ്യമാല. ജനമനസ്സുകളുടെ താളത്തില്‍ എഴുതപ്പെട്ട, പൗരാണിക കനവുകളില്‍ ചാലിച്ച ഈ അത്ഭുതഗ്രന്ഥത്തിന് ആധുനിക കാലത്തും പ്രാധാന്യമുണ്ട്. നമ്മുടെ ജനതയുടെ ചരിത്രവും സംസ്‌കാരവും വിശ്വാസവും ഇടകലര്‍ന്ന മഹത്തായ ഈ കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലൂടെ സാഹിത്യപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പുനരാവിഷ്‌കാരത്തിനും വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. സാഹിത്യത്തിനായൊരു തീയേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റിലെ സ്ഥിരം വേദിയിലാണ് ലെജന്റ് അരങ്ങേറുന്നത്. ഷേക്സ്പിയറിന്റെ ദ ടെംപെസ്റ്റ് നോവലിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഡ്രാമയാണ് മുന്‍പ് ഇവിടെ അരങ്ങേറിയത്.
