ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് 61 സീറ്റിൽ മത്സരിക്കും. ഇന്നലെ രാത്രി തേജസ്വി യാദവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് ഈ നിർണായക തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.
നേരത്തെ 52 സീറ്റ് മാത്രം നൽകാമെന്ന ആർജെഡിയുടെ നിലപാട് കോൺഗ്രസ് തള്ളിയതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇടപെട്ടതോടെ കോൺഗ്രസിന് 60 സീറ്റ് നൽകാൻ തേജസ്വി യാദവ് തയ്യാറാകുകയായിരുന്നു.
നിലവിൽ ആറ് സീറ്റിൽ മാത്രമാണ് ഇപ്പോൾ തർക്കം തുടരുന്നത്. ഇതുകൂടി പരിഹരിച്ച് ഇന്ന് ഉച്ചയോട് കൂടി മഹാസഖ്യം സീറ്റ് ധാരണ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ആർജെഡി 135 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റുകളിലും മത്സരിച്ചേക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ആർജെഡി 144 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലും മത്സരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.
ബിഹാറിലെ ആകെയുള്ള 243 സീറ്റുകളാണ്. മഹാസഖ്യത്തിലെ ബാക്കി സീറ്റുകൾ ഇടതു മുന്നണിയും മുകേഷ് സാഹ്നിയുടെ വികാസ്‌ശീല്‍ ഇൻസാൻ പാർട്ടിയും (വിഐപി) പങ്കിട്ടെടുക്കും. സിപിഐഎംഎൽ, സിപിഐ, സിപിഎം എന്നിവയ്ക്ക് 29 മുതൽ 31 സീറ്റുകൾ വരെ ലഭിച്ചേക്കും. വിഐപിക്ക് 16 സീറ്റുകൾ ലഭിക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സീറ്റ് ധാരണ പ്രഖ്യാപിച്ചെങ്കിലും 12 സീറ്റുകളിൽ ജെഡിയു-ബിജെപി തർക്കം തുടരുകയാണ് സംയുക്ത പത്രസമ്മേളനം വിളിച്ച് സീറ്റ് ധാരണ പ്രഖ്യാപിക്കാതിരുന്ന ഭരണപക്ഷ മുന്നണി, അവസാന നിമിഷം തർക്കത്തെ തുടർന്ന് പത്രസമ്മേളനം മാറ്റിവെച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ഈ സീറ്റുകളിൽ തർക്കം പരിഹരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.