ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തുടനീളമുള്ള ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജാപ്പനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദേശീയ ശരാശരി പകർച്ചവ്യാധി പരിധി മറികടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ 1.04 രോഗികളിൽ എത്തിയിരിക്കുകയാണ്. സാധാരണയായി നവംബർ അവസാനമോ ഡിസംബർ മാസമോ ആണ് ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ് പടരുന്നത് എന്നതാണ് മറ്റൊരു കാര്യം. എന്നാൽ ഈ വർഷം, ഏകദേശം അഞ്ച് ആഴ്ച മുമ്പേ പകർച്ചവ്യാധി എത്തിയിരിക്കുകയാണ്. ഇത് പൗരന്മാരെയും ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്.
ഒക്ടോബർ ആദ്യവാരത്തിൽ തന്നെ 4,000ത്തിലധികം ആളുകളാണ് ഇൻഫ്ലുവൻസ ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ് രോഗികളുടെ എണ്ണം. ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ ഇരുപത്തിയെട്ടിലും കേസുകൾ വർധിച്ചുവരികയാണ്. ടോക്കിയോ, ഒകിനാവ, കഗോഷിമ എന്നിവിടങ്ങളിൽ 135 സ്കൂളുകളും ചൈൽഡ് കെയർ സെന്ററുകളും താൽക്കാലികമായി അടച്ചുപൂട്ടി.
ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, ഇതാണ് വൈറസ് കൂടുതൽ തീവ്രമാകാൻ കാരണമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. “ഈ വർഷം ഇൻഫ്ലുവൻസ സീസൺ വളരെ നേരത്തെ തന്നെ ആരംഭിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയിൽ ഇത് കൂടുതൽ സാധാരണമായ ഒരു സാഹചര്യമായി മാറിയേക്കാം,” ഹോക്കൈഡോയിലെ ഹെൽത്ത് സയൻസസ് സർവകലാശാലയിലെ പ്രൊഫസർ യോക്കോ സുകാമോട്ടോ ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ എന്നിവർ കാലതാമസമില്ലാതെ വാക്സിനേഷൻ എടുക്കാൻ വിദഗ്ദ്ധർ നിർദേശിക്കുന്നു. “ആരോഗ്യമുള്ള മിക്ക ആളുകൾക്കും, ഇൻഫ്ലുവൻസ അസ്വസ്ഥതയുണ്ടാക്കാം, പക്ഷേ അത് ഗുരുതരമായിരിക്കില്ല. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികൾക്ക്, നേരത്തെയുള്ള വാക്സിനേഷൻ അത്യാവശ്യമാണ്,” സുകാമോട്ടോ പറഞ്ഞു.