യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി നൽകിയ ദേശീയ സെക്രട്ടറി സ്ഥാനം അബിൻ നിരസിച്ചു. പാർട്ടി തീരുമാനത്തെ ആരും തള്ളിപ്പറയില്ല, പക്ഷ തനിക്ക് കേരളത്തിൽ നിൽക്കാൻ അവസരം വേണം. ദേശീയ പദവി വേണ്ട എന്നായിരുന്നു അബിൻ്റെ വാക്കുകൾ. വൈകാരികമായ പ്രതികരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്.
രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിൽ കൊണ്ടുവന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനടക്കം നിരവധിപ്പേർ കടന്നുവന്നത്. സമരം ചെയ്യാനും, ജയിലിൽ പോകാനും, ടിവിയിൽ സംസാരിക്കാനും പറഞ്ഞതടക്കം പാർട്ടി പറഞ്ഞതെല്ലാം ചെയ്തു. പാർട്ടിതന്ന മേൽവിലാസത്തെ കളങ്കപ്പെടുത്തുന്നതൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലന്നും അബിൻ വർക്കി വ്യക്തമാക്കി.
എന്റെ പാർട്ടി ഒരു മഹായുദ്ധം നടത്തുകയാണ് ഇവിടെ അപ്പോൾ ഞാൻ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് ഏറ്റവും സുപ്രധാനമായ ഒന്നാണ്. ഈ സമയത്ത് കേരളത്തിൽ പ്രവർത്തനം തുടരണം എന്നാണ് ആഗ്രഹം. സംസ്ഥാനത്ത് തുടരാനുള്ള അവസരം വേണമെന്ന് നേതൃത്വത്തോട് അഭ്യർഥിക്കുന്നുവെന്നും അതിനെ ഒരു തരത്തിലുള്ള വെല്ലുവിളിയായി കാണേണ്ടതില്ലെന്നും അബിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ. ജെ. ജനീഷിനെ പ്രഖ്യാപിച്ചതിനു പിറകെ തന്നെ കോൺഗ്രസ് ഐ ഗ്രൂപ്പ് അതൃപ്തി അറിയിച്ചിരുന്നു. വോട്ട് കണക്കിൽ പിന്നിലായ ആളെയാണ് പ്രസിഡന്റാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആളെ വർക്കിംഗ് പ്രസിഡന്റ് ആക്കിയെന്നും വിമർശനം ഉയർന്നു. രമേശ് ചെന്നിത്തല വിഭാഗത്തിലെ അബിൻ വർക്കിയെ പൂർണമായും തഴഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർത്തിയത്. സ്വാഭാവിക നീതി കിട്ടിയില്ല എന്നത് മാത്രമല്ല നീതികേടാണ് കാണിച്ചതെന്നും വിമർശനം ഉയർന്നു.